Kerala, News

ഫോൺ വിളി വിവാദം;രാജിവെക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

keralanews phone call controversy minister a k sasidharan will not resign met with chief minister

തിരുവനന്തപുരം: കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ പ്രതിരോധത്തിലായതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല ക്ലിഫ് ഹൗസില്‍ എത്തിയത്. വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയര്‍ന്നത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു.പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.അതിനിടയില്‍ ലൈംഗിക പീഡന കേസില്‍ എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലിസ് കേസെടുത്തു. പരാതി ലഭിച്ച്‌ 22 ദിവസത്തിന് ശേഷമാണ് പൊലിസിന്റെ നടപടി. മന്ത്രി എ കെ ശശീന്ദ്രന്‍ വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Previous ArticleNext Article