ഇടുക്കി:രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. രാജമലക്ക് അടുത്ത് പെട്ടിമുടിയില്‍ നിന്ന് അരുണ്‍ മഹേശ്വര്‍ (34)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.തൃശ്ശൂരിൽ നിന്ന് ബൽജിയൻ മലിനോയിസ്, ലാബ്രഡോർ എന്നീ ഇനത്തിൽ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിരുന്നു.42 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്‍റെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.