തിരുവനന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ പേട്ട സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ്. യുവതിയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് എബ്രഹാം അറിയിച്ചു. മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് ആശുപത്രിയിൽ കഴിയുന്ന സ്വാമി മൊഴി നൽകിയത്.
എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നും ഐജി വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന ഗംഗേശാനന്ദയുടെ മൊഴി പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുത്തുവെന്ന് പേട്ട പൊലീസ് തന്നെയാണ് ആദ്യം അറിയിച്ചത്. എന്നാൽ, ഐജി മനോജ് എബ്രഹാം ഇത് തിരുത്തുകയായിരുന്നു. നേരത്തെ, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നാണ് ആശുപത്രി അധികൃതരോട് സ്വാമി പറഞ്ഞത്.
പൊലീസിന് നൽകിയ മൊഴിയിലാണ് പെൺകുട്ടിക്കെതിരെ സ്വാമി പരാതി ഉന്നയിച്ചത്. അതേസമയം, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാനാണ് അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്നാണ് യുവതിയുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സ്വാമിയെ, വൈകിട്ടോടെയാണ് അറസ്റ്റു ചെയ്തത്.