കോഴിക്കോട്:പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയുടെ വടക്കൻ മേഖല സമ്മേളനം കോഴിക്കോട് ഹോട്ടൽ കോപ്പർ ഫോളിയയിൽ വെച്ച് ഈ മാസം 4,5 തീയതികളിലായി നടന്നു.പെട്രോളിയം വ്യാപാര മേഖല വലിയ പ്രതിസന്ധികളെ നേരിടുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഇങ്ങനെയൊരു യോഗം വിളിച്ചു കൂട്ടിയത്. അടിസ്ഥാന മൂലധന നിക്ഷേപത്തിലും ദൈനംദിന ചിലവുകളിലും ഭീമമായ വർധനവുണ്ടായിട്ടും കഴിഞ്ഞ 5 വർഷമായി ഡീലർ കമ്മീഷനിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.ഓരോ ആറുമാസം കൂടുമ്പോഴും ഡീലർ കമ്മീഷൻ പുതുക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട അപൂർവ്വ ചന്ദ്ര കമ്മിറ്റിയുടെ ശുപാർശ നടപ്പിലാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾ ഇതുവരെയും തയ്യാറായിട്ടില്ല.പകരമായി ഉദ്യോഗസ്ഥ അധീശത്വത്തിനു വേണ്ടിയുള്ള കരിനിയമങ്ങൾ ഡീലറുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കമ്പനികൾ വ്യഗ്രത കാണിക്കുന്നത്.
പെട്രോളിയം വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ഡീലർമാർ അനാവശ്യ സമ്മർദ്ദത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് ഓയിൽ കമ്പനികൾ പിന്മാറണമെന്ന് പെട്രോളിയം ട്രേഡേഴ്സ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വടക്കൻ മേഖലയിൽ നിന്നുള്ള നൂറിലധികം പെട്രോളിയം ഡീലർമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ എം സജി, വൈസ് ചെയർമാൻ കെ വി രാമചന്ദ്രൻ, ജോയിന്റ് സെക്രെട്ടറി ടോം സ്കറിയ, ഖജാൻജി സെയ്ദ് എം ഖാൻ, അനുരൂപ് വടകര എന്നിവർ പ്രസംഗിച്ചു.