തിരുവനന്തപുരം: സ്വകാര്യമേഖലയുമായുള്ള മത്സരക്ഷമത ഉറപ്പു വരുത്താനും, തങ്ങൾക്ക് പ്രാതിനിധ്യം ഇല്ലാതെ മേഖലകളിൽ പമ്പുകൾ തുടങ്ങാനുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ നീക്കത്തെ തത്വത്തിൽ സ്വാഗതം ചെയ്യുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി അറിയിച്ചു.
സംസ്ഥാനത്തെ രണ്ടായിരിത്തിലധികം വരുന്ന പെട്രോൾ പമ്പുകളിൽ ഭൂരിഭാഗവും 100KL ൽ താഴെ മാത്രം വിൽപ്പനയുള്ളതാണ്. ഏറ്റവും കുറഞ്ഞത് 170KL എങ്കിലും വിൽപ്പനയുണ്ടെങ്കിൽ മാത്രമേ ഒരു പമ്പ് ലാഭകരമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ തന്നെ നിയോഗിച്ച പല കമ്മിറ്റികളും പഠന റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. എന്നാൽ യാതൊരു സാധ്യതാ പഠനവും കൂടാതെ പുതിയ പമ്പുകൾ തുടങ്ങാനുള്ള തീരുമാനം ഈ മേഖലയുടെ തകർച്ചയ്ക്ക് മാത്രമേ വഴിവെക്കൂ എന്ന് എ.എം.സജി പറഞ്ഞു.
നഗര പ്രദേശങ്ങളിലും, ഗ്രാമപ്രദേശങ്ങളിലുമുള്ള കോടിക്കണക്കിന് വില വരുന്ന ഭൂമി 20 മുതൽ 30 വർഷകാലത്തെ പാട്ട കരാർ ഓയിൽ കമ്പനികളുമായി ഒപ്പുവെച്ചതു കൊണ്ടു മാത്രമാണ് നഷ്ടം സഹിച്ചു കൊണ്ട് ഡീലർമാർ പമ്പുകൾ നടത്തികൊണ്ടു പോകാൻ നിർബ്ബന്ധിതരാകുന്നത്. ദീർഘകാലത്തേക്ക് പാട്ടത്തിന് എടുക്കുന്ന ഭൂമി സ്ഥാപിത താത്പര്യക്കാർക്ക് മറിച്ചു കൊടുക്കാനും ഓയിൽ കമ്പനികൾക്ക് കഴിയും. ഇതിന് അറുതി വരുത്താൻ ലഘുകരീച്ച ഡീലീസിംങ്ങ് പോളിസി കൊണ്ടുവരാൻ ഓയിൽ കമ്പനികൾ തയ്യാറാകണമെന്നും എ.എം.സജി ആവശ്യപ്പെട്ടു . അങ്ങനെയെങ്കിൽ നഷ്ടത്തിലായ പമ്പുടമകൾക്ക് തങ്ങളുടെ ഭൂമി പാട്ട കാലവധിയ്ക്ക് മുൻപായി തിരിച്ചു കിട്ടുകയും, അവ കൂടുതൽ ഉൽപ്പാദനക്ഷമമായ കാര്യങ്ങൾക്കായി ഉപയോഗിക്കുവാനും കഴിയും.
കേന്ദ്ര സർക്കാർ തന്നെ ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള നയപ്രഖ്യാപനം നടത്തി കഴിഞ്ഞ ഘട്ടത്തിൽ, നമ്മുടെ സംസ്ഥാനത്ത് മാത്രം 1700 ലധികം പുതിയ പമ്പുകൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചതിൽ നിന്നു തന്നെ ദീർഘകാലത്തെ നിക്ഷേപ സാധ്യതയല്ല ഓയിൽ കമ്പനികൾ മുന്നിൽ കാണുന്നതെന്ന് വ്യക്തമാണ്, മറിച്ച് ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയ്ക്കുള്ള സാധ്യതയാണ് ഇതിലൂടെ വെളിവാകുന്നത് .2017 നവംബറിൽ തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനകൾ ആരംഭച്ചിട്ടുണ്ട്. ആസന്നമായ ഇലക്ട്രിക്ക് വാഹനങ്ങളുടെ സജീവ വിപണി യാഥാർത്ഥ്യമാവുമെന്ന ഉറപ്പുണ്ടായിട്ടും ഇത്തരത്തിൽ ഗ്രാമീണ മേഖലകളിൽപ്പോലും പമ്പുകൾ ആരംഭിക്കാൻ ശ്രമിക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങളോടെ ആണ് എന്ന് പെട്രോളിയം ട്രേഡേർസ് വെൽഫെയർ ആന്റ് ലീഗൽ സൊസൈറ്റി അഭിപ്രായപ്പെട്ടു.
അനിയന്ത്രിതമായ പമ്പുകളുടെ വരവ്, നമ്മുടെ പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ വിധി നിലവിലുണ്ട് . കൂടാതെ റോഡ് സുരക്ഷയ്ക്കായി ഉണ്ടാക്കിയ മോർത്ത് നോംസ്, ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് ഓയിൽ കമ്പനികൾ സംസ്ഥാനത്ത് പുതിയ പമ്പുകൾ തുടങ്ങുവാനുള്ള നീക്കമാരംഭിച്ചിരിക്കുന്നത് ആയതിനാൽ പമ്പുകൾക്കുള്ള എൻ.ഒ.സി കൊടുക്കുന്നതിന് മുൻപായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ അനുമതി കൊടുക്കാവൂ എന്നും എ.എം.സജി ആവശ്യപ്പെട്ടു.