ന്യൂഡൽഹി:നിര്‍ഭയാ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. മുകേഷ് സിംഗിന്റെ വാദം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ദയാഹര്‍ജിയുടെ കാര്യം വിചാരണ കോടതിയില്‍ ഉന്നയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ഹര്‍ജി നല്‍കിയത്.കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് കുമാര്‍, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രതികളിലൊരാളായ മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയത്.2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിക്കുകയായിരുന്നു.