കൊച്ചി:ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കമ്മിഷന്റെത് ഏകകണ്ഠമായ തീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടില്‍ തെളിവെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹര്‍ജി. ജോസ് കെ.മാണിക്ക് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. പാര്‍ട്ടിയുടെ രേഖകളൊന്നും ജോസിന്റെ കൈവശമില്ലെന്നും ഹര്‍ജിയില്‍ ജോസഫ് പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും പി.ജെ.ജോസഫ് ഹര്‍ജയില്‍ ആരോപിച്ചിരുന്നു.