കൊച്ചി: ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രസാദ വിതരണം നിർത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.പുതിയ അരവണ ഉണ്ടാക്കുമ്പോൾ കീടനാശിനി ഇല്ലാത്ത ഏലക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തരുടെ താല്പര്യം സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ടെന്നും കോടതി പറഞ്ഞു. നാളെ മുതൽ ഏലയ്ക്ക ഉപയോഗിക്കാത്ത അരവണയാകും ഭക്തർക്ക് വിതരണം ചെയ്യുകയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ അംശം കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിൽ അരവണ വിതരണം നിർത്താൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിർണായകമായ കണ്ടെത്തലുണ്ടായത്.ഗുണമേന്മ ഉള്ള ഏലയ്ക്ക ഉപയോഗിച്ച് വേറെ അരവണ തയ്യാറാക്കി തിരുവിതാംകൂർ ദേവസ്വത്തിന് ഭക്തർക്ക് വിൽക്കാൻ ഈ ഉത്തരവ് തടസ്സമില്ല. ശബരിമലയിലെ ഫുഡ് സേഫ്റ്റി ഓഫീസർ വീണ്ടും അരവണ സാമ്പിൾ തിരുവനന്തപുരത്തെ അനലിറ്റിക്കൽ ലാബിലേക്ക് അയക്കണം. ഇതിന്റെ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.