തിരുവനന്തപുരം:സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ സർക്കാർ അനുമതി.ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവർത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇത് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയത്.പകുതി സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കുകയെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. പുതിയ ഉത്തരവ് വന്നതോടെ ചൊവ്വാഴ്ചമുതല്‍ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ തുടങ്ങുമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ (ഫിയോക്) അറിയിച്ചു.സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാര്‍ച്ച് പതിനൊന്നിന് റിലീസ് ചെയ്യും. നേരത്തെ മാര്‍ച്ച് നാലിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു പ്രീസ്റ്റ്. ഇതു കൂടാതെ പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തും. ടൊവിനോ തോമസ് ചിത്രം കള, മമ്മൂട്ടിയുടെ വണ്‍, എന്നിവയും മാര്‍ച്ച് റിലീസായി പരിഗണിക്കുന്നുണ്ട്.