Kerala

അന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്

keralanews permission granted to the convension center of sajan who committed suicide in anthoor

കണ്ണൂർ:അന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്.നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പൂര്‍ണ അനുമതി നല്‍കും. ചട്ടം ലംഘനങ്ങള്‍ പരിഹരിച്ചെന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറി പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തന്റെ സ്വപ്‌ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് സാജന്‍ ആത്മഹത്യ ചെയ്‌തത് സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.കണ്‍വെന്‍ഷന്‍ സെന്ററിന് മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നു. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുറസായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും സ്ഥാപിച്ചു എന്നതടക്കം നാല് ചട്ടലംഘനങ്ങളാണ് ഇവര്‍ കണ്ടെത്തിയത്. തുറസായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കേരള ബില്‍ഡിംഗ് റൂള്‍ ചട്ടം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുറസായ സ്ഥലത്താണ് ജലസംഭരണിയും മാലിന്യസംസ്കരണസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കയറുന്നതിനുള്ള റാംപിന് ചെരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ വിസ്തീര്‍ണം അനുവദിച്ചിരിക്കുന്നതിലും കൂടുതലാണ്.ആഡിറ്റോറിയത്തില്‍ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തകരാറുകള്‍ പരിഹരിച്ചാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കാം എന്നുള്ള റിപ്പോര്‍ട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാറാണ് കഴിഞ്ഞ ദിവസം മന്ത്രി എ.സി.മൊയ്‌തീന് സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ഉത്തരവിറക്കിയത്.

Previous ArticleNext Article