കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പരിശോധിക്കാൻ പോലീസ് സർജൻ പരിയാരം മെഡിക്കൽ കോളേജിലെ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള കോടതിയിലെത്തും. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിശോധിച്ച ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതിന് അനുമതി നൽകിയത്.കോടതിയിൽ ഹാജരാക്കിയ വടിവാൾ,ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹർജി സമർപ്പിച്ചത്.എന്നാൽ ആയുധങ്ങൾ സീൽ ചെയ്തിരിക്കുന്നതിനാൽ അവ തുറന്ന് പരിശോധിക്കാനാവില്ലെന്നും സൂപ്രണ്ട് മുൻപാകെ കാണിക്കാമെന്നും കോടതി അറിയിച്ചു. അതോടൊപ്പം പ്രവൃത്തി സമയങ്ങളിൽ അസി.പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരിക്കണം പോലീസ് സർജൻ ആയുധങ്ങൾ പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിക്കുന്നത് വളരെ അപൂർവമാണ്. ശരത്ലാലിന്റെയും കൃപേഷിന്റേയും ശരീരത്തിലുണ്ടായ മുറിവുകളുടെ ആഴവും നീളവുമെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന കോടതിൽ ഹാജരാക്കിയ ആയുധങ്ങളുടെ അളവും മൃതദേഹങ്ങളിൽ കണ്ടെത്തിയ മുറിവുകളും തമ്മിൽ പൊരുത്തമില്ലെങ്കിൽ അത് പ്രതികൾക്ക് അനുകൂലമാകും.ഇത് മുന്നിൽക്കണ്ടാണ് കുറ്റപത്രം കുറ്റമറ്റതാക്കാൻ വേണ്ടി ക്രൈം ബ്രാഞ്ച് ഇത്തരം മുന്നൊരുക്കങ്ങൾ നടത്തുന്നത്.