കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും.കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കേസ് നടത്താന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവാക്കിയത്.പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശപ്രകാരം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു..എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം വഴിമുട്ടി.വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പീലിന്മേലുള്ള വാദം നവംബറില്‍ തന്നെ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു.2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. കാസര്‍കോട് ജില്ലയിലെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 14 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.