കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.അന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും സമര്‍പ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 19 ന് അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാകുന്നതോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന് എന്നിവരും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ദിവസങ്ങള്‍ക്ക് മുൻപ് രേഖപ്പെടുത്തി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഒന്നാം പ്രതി പീതാംബരന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.