യുഎഇ: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല.രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കാണ് ഇളവ് ബാധകം. മാർച്ച് ഒന്നിന് ഇളവുകൾ നിലവിൽ വരും. റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്. അതേ സമയം അബുദാബിയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഈ മാസം 28 ന് നീക്കാനുള്ള തീരുമാനവുമായി.മാർച്ച് 1 മുതൽ യുഎഇയിലേക്ക് വരുന്ന, പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്നാണ് ദേശീയ അടിയന്തിര ദുരന്ത നിവാരണ സമിതി അധികൃതർ അറിയിച്ചത്. എന്നാൽ, പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർ ക്യുആർ കോഡുള്ള അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് നിർദ്ദേശമുണ്ട്.രാജ്യത്ത് കേസുകൾ ഗണ്യമായി കുറയുന്നതിനാൽ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ നീക്കം.വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരേക്കേണ്ടതുണ്ട്. അല്ലെങ്കിൽ, യാത്രാ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ കൊറോണ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ക്യു ആർ കോഡുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരേക്കണ്ടതാണ്. എല്ലാ കായിക പരിപാടികളും പുനരാരംഭിക്കുന്നതായും സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം ഒഴിവാക്കുന്നതായും പ്രഖ്യാപിച്ചു. പള്ളികളിലെ ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള പ്രോട്ടോക്കോളുകളും അധികൃതർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും.മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് വേണമെന്ന നിബന്ധന ഒഴിവാക്കും. അതിർത്തിയിലെ ഇ.ഡി.ഇ സ്‌കാനർ പരിശോധനയും ഒഴിവാക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ, കോവിഡ് പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാർക്ക് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാം.