പഴയങ്ങാടി:പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടിയപ്പോൾ തെളിഞ്ഞത് വേറെയും പത്തോളം മോഷണകേസുകൾ. പ്രതികളായ പഴയങ്ങാടി പുതിയവളപ്പിലെ അഞ്ചരപ്പാട്ടിൽ റഫീക്ക്(41),മാടായി പോസ്റ്റ് ഓഫീസിനു സമീപം കെ.വി നൗഷാദ്(38) എന്നിവർ ഇതുവരെ നടത്തിയത് 10 മോഷണങ്ങളാണ്. 584 പവൻ സ്വർണ്ണം,10.5 ലക്ഷം രൂപ,ഒരു സ്കൂട്ടർ,രണ്ടു എൽസിഡി ടിവി എന്നിവ ഇവർ മോഷിച്ചിട്ടുള്ളതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.റഫീക്കിന്റെ പേരിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസും നിലവിലുണ്ട്.2017 നവംബറിൽ മൊട്ടാമ്പ്രത്തുള്ള അൽ ബദർ ജ്വല്ലറിയിൽ ഉച്ചയ്ക്ക് കടയുടെ പിൻഭാഗം കുത്തിപ്പൊളിച്ച് ഇവർ മോഷണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഒരു സ്ത്രീ ഇത് കണ്ടതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.റഫീക്കിന് സ്വന്തമായി ഒരു കാർ,വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ,സ്വന്തമായി 18 സെന്റ് സ്ഥലവും ഒരു വീടുമുണ്ട്.നൗഷാദിന് മാട്ടൂലിൽ സ്വന്തമായി വീടുമുണ്ട്.ഇവയൊക്കെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടും.ഇന്നലെ ഉച്ചയോടെ പ്രതികളെ മോഷണം നടത്തിയ ജ്വല്ലറിയിൽ തെളിവെടുപ്പിനായി കൊണ്ടുപോയി.പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനിടെ കേസിൽ സമർത്ഥമായി അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയ അന്വേഷണ സംഘത്തിന് ഡിജിപി,ഐജി,എസ്പി എന്നിവർ റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.