കണ്ണൂർ:പഴയങ്ങാടി ടൗണിലെ അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും പട്ടാപ്പകല്‍ മോഷണം നടത്തിയവര്‍ പിടിയില്‍. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യസൂത്രധാരനും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) നെ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടുപ്രതി മൊട്ടാമ്ബ്രത്തെ പന്തല്‍പണിക്കാരനായ നൗഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇവര്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ റഫീക്കിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കൂടാതെ പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റ് ചില മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും, ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കവര്‍ച്ചയില്‍ നേരിട്ടുപങ്കെടുത്തവരാണ് പിടിയിലായ റഫീക്കും നൗഷാദുമെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിൽ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. അല്‍ഫത്തീബി ജ്വല്ലറിയില്‍ 25 മിനുട്ടുകള്‍ കൊണ്ടാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
ഈ മാസം എട്ടാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ജീവനക്കാർ ജുമാ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും 3.4 കിലോ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്.ഷട്ടര്‍ താഴ്ത്തി കട പൂട്ടിയതിനു ശേഷമാണ് ഉടമയും രണ്ടു ജീവനക്കാരും പള്ളിയില്‍ പോയത്. ഈസമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്‍ട്ടന്‍ തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സ്പ്രേ പെയിന്റടിച്ച് കേടാക്കി.ഇതിനുശേഷം രണ്ടു പൂട്ടുകളും അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്താണ് അകത്തുകടന്നത്. അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തിയപ്പോള്‍ കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെയാണ് മോഷണം നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.പഴയങ്ങാടി എസ്.ഐ. പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ ജില്ലാ പൊലിസ് മേധാവി ജി.ശിവവിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സംഘവും സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവം നടന്നയുടനെ ജില്ലയിലെ പ്രധാന റോഡുകള്‍ അടച്ച് വാഹനപരിശോധന നടത്തിയ പൊലിസ് മോഷ്ടാക്കള്‍ റോഡുവഴി ജില്ലവിട്ടു പോകുന്നത് തടഞ്ഞിരുന്നു. പിന്നീടാണ് പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചത്.പോലീസ് ഈ ദൃശ്യം പുറത്തുവിട്ടു.ഇതോടെയാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്.