Kerala, News

പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതി നിർമാണം ഉടൻ ആരംഭിക്കും

keralanews pazhassisagar hydro electric project will begin soon

ഇരിട്ടി:പഴശ്ശി പദ്ധതിപ്രദേശത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതി നിർമാണത്തിന് മുന്നോടിയായി പദ്ധതി പ്രദേശത്ത് ഭൂമി പൂജ നടത്തി.കരാർ കമ്പനിയായ തമിഴ്‌നാട് ഈറോഡിലെ ആർ എസ് ഡെവലപ്പേഴ്‌സാണ് ഭൂമിപൂജ നടത്തിയത്.നിർമാണ കമ്പനിക്കായി പഴശ്ശി പദ്ധതി പ്രദേശത്ത് നൽകിയ 3.5 ഹെക്റ്റർ ഭൂമിയിലാണ് പൂജ നടന്നത്. ഒരുമാസത്തിനുള്ളിൽ പ്രവൃത്തി ഉൽഘാടനം നടക്കും.ഈ സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി കഴിഞ്ഞ ദിവസം ലേലം നടന്നുവെങ്കിലും ഉറപ്പിക്കാനായില്ല.7.5 മെഗാവാട്ടിന്റെ പദ്ധതിയാണ് പഴശ്ശി സാഗർ ലക്ഷ്യമിടുന്നത്.79.85 കോടിയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.50 കോടിയുടെ സിവിൽ പ്രവൃത്തി ടെണ്ടറായിട്ടുണ്ട്.ട്രാൻസ്മിഷൻ പ്രവൃത്തിയും യന്ത്രങ്ങളുടെ വാങ്ങലും രണ്ടാം ഘട്ടത്തിൽ ടെൻഡർ ചെയ്യാനാണ് തീരുമാനം.സംഭരണിയിൽ 19.50 മീറ്റർ വെള്ളം ഉണ്ടെങ്കിൽ പോലും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് കെഎസ്ഇബി ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സംഭരണിയിൽ നിന്നും 80 മീറ്റർ നീളത്തിൽ വലിയ തുരങ്കം നിർമിച്ചു അവിടെ നിന്നും മൂന്നു ചെറിയ തുരങ്കം വഴി പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുക.ജൂൺ മുതൽ നവംബർ  വരെയുള്ള ആറുമാസക്കാലത്ത് വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഉപയോഗിച്ച് പ്രതിവർഷം 25.16 മില്യൺ യുണിറ്റ് വൈദ്യുതി നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Previous ArticleNext Article