തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ കോടതി വിജിലൻസിന് അന്ത്യശാസനം നൽകി. കേസില്‍ നേരത്തെ വിജിലന്‍സിനെതിരെ കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. ദ്രുതപരിശോധന 2016 ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നിട്ടും കേസെടുക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു. രേഖകള്‍ കൈമാറുന്നതിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശവും കോടതി നല്കി.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറിലാണ് വിഎസ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയത്. ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് എന്നിവരുള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്താണ് ഹര്‍ജി. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
അതിനിടെ, വിജിലന്‍സിന്റെ കൈവശമില്ലെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ..കെ ഭരത് ഭൂഷണും ഒപ്പിട്ട രേഖകളാണ് വി.എസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.
തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കൂട്ടുനിന്നുവെന്നാണ് ആരോപണം.