Kerala, News

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

keralanews patient admitted in hospital found dead in operation theater

കാസർകോഡ്:ചെറുവത്തൂര്‍ കെ.എ.എച്ച്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇൻസ്പെക്റ്റർ കൊടക്കാട് ആനിക്കാടിയിലെ പി പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍ കെ.എ.എച്ച്‌. ആശുപത്രിയിലെ ഒന്നാംനിലയിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ്  ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെ പദ്മനാഭന്‍ ആശുപത്രിയിലെത്തിയത്.വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈകീട്ട് ഭാര്യ ശാന്ത ആശുപത്രിയിലെത്തി.ബുധനാഴ്ച രാവിലെ ആറുമണിയോടെ ചായകുടിക്കാനെന്നുപറഞ്ഞ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പദ്മനാഭന്‍ തിരിച്ചെത്തിയില്ല. ഏറേനേരം കാത്തിരുന്നിട്ടും കാണാഞ്ഞതിനാല്‍ ഭാര്യ ആശുപത്രിയിലെ ബില്ലടച്ച്‌ വീട്ടിലേക്ക് പോയി.പിറ്റേദിവസവും പദ്മനാഭന്‍ വീട്ടിലെത്താതിരുന്നതിനാല്‍ ബന്ധുക്കളെയും മറ്റും വിവരമറിയിക്കുകയും ആശുപത്രിയിലും അന്വേഷണം നടത്തുകയും ചെയ്തു.എന്നാൽ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച രാത്രി 10.30-ഓടെ ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒരാള്‍ മരിച്ചനിലയിലുണ്ടെന്ന വിവരം ചന്തേര പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പദ്മനാഭന്റെ ബന്ധുക്കളെ പോലീസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും മരിച്ചത് അയാള്‍ തന്നെ എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.ഓപ്പറേഷന്‍ തീയേറ്ററില്‍ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കുന്ന മേശയിലാണ് അടിവസ്ത്രവും ഷര്‍ട്ടും മാത്രമായി മൃതദേഹം കണ്ടത്.ഉടുത്ത ലുങ്കി തൊട്ടടുത്ത ഓപ്പറേഷന്‍ ടേബിളിലായിരുന്നു.മൂക്ക്, വായ, ചെവി എന്നിവയിലൂടെ രക്തം വാര്‍ന്നൊഴുകി തളംകെട്ടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരുന്നും ഡ്രിപ്പും നല്‍കാനായി കൈത്തണ്ടയില്‍ പിടിപ്പിച്ചിരുന്ന സൂചിയുമുണ്ടായിരുന്നു.തീയേറ്ററിനകത്തെ ഉപകരണങ്ങള്‍ മിക്കതും വലിച്ചിട്ട നിലയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍നിന്നും സയന്റിഫിക് ഓഫീസര്‍ ഡോ എ.കെ.ഹെല്‍നയും കാസര്‍കോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി വിശദപരിശോധന നടത്തി. തുടര്‍ന്ന് ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ആശുപത്രി അധികൃതര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.

Previous ArticleNext Article