ന്യൂഡൽഹി:നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ പത്തനംതിട്ട സ്വദേശി മരിച്ചു.തബ്ലീഗ് ജമാഅത്ത് പത്തനംതിട്ട അമീര്‍ ഡോ. എം. സലീം ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗം മൂലമാണ് മരണമെന്നാണ് വിവരം. മരിച്ച സലീം നേരത്തേ തന്നെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.ഇയാള്‍ക്കൊപ്പം സമ്മേളനത്തിന് പോയ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.എന്നാല്‍ സലീമും ഒപ്പമുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.മാര്‍ച്ച് ഒൻപതിന് ഡല്‍ഹിയിലെത്തിയ ഇവര്‍ അലിഗഢില്‍ താമസിച്ച ശേഷം 22നാണ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ പള്ളിയിലെത്തിയതെന്നും പറയപ്പെടുന്നു. ഡോ. എം.സലീമിന് കോവിഡ് 19 ബാധയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മാര്‍ച്ച് ആദ്യവാരം നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മടങ്ങിയ ആറ് പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാണ്. നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളും ഒരു തമിഴ്നാട്ടുകാരനും കശ്മീര്‍ സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് ഇവിടെ പ്രാര്‍ഥന ചടങ്ങ് നടന്നത്. ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.