India, News

‘പത്മാവത്’ ഇന്ന് റിലീസ് ചെയ്യും;വ്യാപക അക്രമം അഴിച്ചുവിട്ട് കർണിസേന

keralanews pathamavath release today karnisena voilence against the release

മുംബൈ:സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ ഇന്ന് റിലീസ് ചെയ്യും.ചിത്രത്തിനെതിരെ രജപുത്ര കർണിസേന പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.കർണിസേന പ്രവർത്തകർ ഹരിയാനയിലെ ഗുഡ്ഗാവിൽ ജിഡി ഗോയെങ്ക വേൾഡ് സ്കൂൾ ബസിനു നേരെ അക്രമം നടത്തി. സിനിമയ്ക്കെതിരെ പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ സമീപത്തു കൂടെ പോയ ബസിനു നേരെ അക്രമികൾ കല്ലേറു നടത്തുകയായിരുന്നു. ആൾക്കൂട്ടം ബസിനു നേരെ കല്ലെറിയുകയും ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും ചെയ്തു.അക്രമം ആരംഭിച്ചതിനു പിന്നാലെ കുട്ടികൾ ബസിൽ പതുങ്ങിക്കിടക്കുകയായിരുന്നു. ഹരിയാന,ഗുജറാത്ത്,രാജസ്ഥാൻ,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമയുടെ പേരിൽ വൻ അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്.  ചിത്രത്തിന്റെ പ്രദർശനം വിലക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം രൂക്ഷമായത്.ചിത്രത്തിന്‍റെ പ്രദർശനം തടയാനാകില്ലെന്നും കാണേണ്ടവർ മാത്രം പദ്മാവത് കണ്ടാൽ മതിയെന്നും തുറന്നടിച്ച കോടതി രാജ്യത്തെ ഒരു ഹൈക്കോടതികളും ഇനി ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേണ്ടെന്നും ഉത്തരവിട്ടിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് രാജസ്ഥാൻ,മധ്യപ്രദേശ്,ഗുജറാത്ത്,ഗോവ എന്നിവിടങ്ങളിലെ മൾട്ടിപ്ളെക്സ് തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മൾട്ടിപ്ളെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.രാജസ്ഥാനിൽ അക്രമത്തെ തുടർന്ന് ഡൽഹി-ജയ്‌പൂർ പാതയിൽ ഗതാഗതം മുടങ്ങി.ഡൽഹി-അജ്മീർ പാതയിൽ ടയറുകൾ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി.തീയേറ്ററുകൾക്ക് മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചു.ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ രജപുത് കർണിസേന വൻതോതിലുള്ള പ്രതിഷേധമുയർത്തിയത്. വിവിധയിടങ്ങളിൽ തിയറ്ററുകൾ അടിച്ചു തകർത്ത സേന,ചിത്രം രാജ്യത്ത് പ്രദർശനത്തിനെത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും വരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Previous ArticleNext Article