കൊല്ലം:പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിംഗ് ഓഫീസറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.കൊല്ലം മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം.ഉദ്യോഗസ്ഥ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ച് ബൂത്തിലെത്തി.ഇതിനെതിരെ ബി ജെ പി, യു ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇവര്‍ രേഖാമൂലമുളള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റിനിറുത്തിയത്. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു.പാര്‍ട്ടി ചിഹ്നങ്ങള്‍ ഒരു കാരണവശാലും ബൂത്തിലോ സമീപത്തോ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവം നിയമപരമായി നേരിടുമെന്ന് കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.