India, News

കര്‍ഷകസംഘടനകളുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു

keralanews parliament march of farmers organizations adjourned

ന്യൂഡൽഹി:ഫെബ്രുവരി ഒന്നിന് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.എന്നാൽ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ഡല്‍ഹി പൊലീസ്. സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ മോര്‍ച്ച നേതാവുമായ ദര്‍ശന്‍ പാല്‍ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന. ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രധാന ആരോപണം. മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയാണ് പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പൊലീസ് അന്വേഷണം വിപുലീകരിച്ചു. ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.അതിനിടയില്‍ ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്നും രണ്ടു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ജില്ലാ ഭരണകൂടം സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിലുള്ള വൈദ്യൂതിയും വിച്ഛേദിച്ചു. എന്നാല്‍ എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമര സമിതി. ചോദ്യം ചെയ്യാന്‍ ഹാജരാകുന്ന നേതാക്കളെ അടുത്ത നടപടിയായി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

Previous ArticleNext Article