കണ്ണൂർ (പരിയാരം) : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനിമുതൽ കോവിഡ് രോഗികളെ നിരീക്ഷി ക്കാൻ അത്യാധുനിക റോബോട്ടായ ടോമോഡാച്ചിയും. സാങ്കേതികതയുടെ നാടായ ജാപ്പാനിൽ ടോമോഡാച്ചി എന്നാൽ സുഹൃത്ത് എന്നാണ് അർത്ഥം. ആൻഡ്രോയിഡ് വേർഷനിൽ ആട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ റോബോർട്ട് സുഹൃത്ത്, രോഗിയുടെ വിവരങ്ങൾ അപ്പപ്പോൾ ഡോക്ടർക്കും നേഴ്‌സിനും കൈമാറും. ആട്ടോമറ്റിക്കായി രോഗിയുടെ ബെഡ് തിരിച്ചറിഞ്ഞ് വിവരങ്ങൾ ഡോക്ടറുടെ ശ്രദ്ധയിലേക്കായി അപ്പപ്പോൾ കൈമാറുന്ന സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്.കോവിഡ് രോഗികളുടെ അടുത്തേക്ക് ആട്ടോമാറ്റിക്കായി പോവുന്ന വിധമാണ് ഈ റോബോട്ടിനെ ക്രമീകരിച്ചിരിക്കുന്നത്. ബെഡ് നമ്പർ സഹിതമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഹൈ റെസലൂഷൻ ക്യാമറ വഴി ഐ.സി.യു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇ.സി.ജി ഗ്രാഫ്, ബി.പി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് ഉൾപ്പടെ ഡോക്ടർക്കും നേഴ്‌സിനും പുറത്തുനിന്നുതന്നെ നിരീക്ഷിക്കാൻ കഴിയും. രോഗിയുമായി അതത് ഘട്ടത്തിൽ പുറത്തുള്ള ഡോക്ടർക്കും കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. മറ്റൊരു വിഭാഗത്തിലെ ഡോക്ടറുടെ കൂടി ചികിത്സ ആവശ്യമുള്ള രോഗിയാണെങ്കിൽ, ആ ഡോക്ടർ പി.പി.ഇ കിറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ച് രോഗിയുടെ അടുത്തെത്തുമ്പോൾ ഡ്യൂട്ടി ഡോക്ടർ ഇല്ലെങ്കിലും ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ ബെഡ് നമ്പർ അമർത്തിയാൽ ടോമോഡാച്ചി വഴി ലഭ്യമാവുകയും ചെയ്യും. ഒരേ സമയം ഒന്നിലേറെ ഡോക്ടർമാരുടേയും നേഴ്‌സിംഗ് ജീവനക്കാരുടേയും ശ്രദ്ധ രോഗികൾക്ക് ലഭിക്കുന്നു എന്നതും രോഗിയുടെ ഇതുവരെയുള്ള ചികിത്സാകാര്യങ്ങൾ നിമിഷങ്ങൾക്കകം പുറ ത്തുനിന്നുൾപ്പടെ അറിയാൻ സാധിക്കുന്നു എന്നതും ഇതുവഴി സാധിക്കും. ദിനേന വിവിധ സമയങ്ങളിലായുള്ള സീനിയർ ഡോക്ടർമാരുടെ റൗണ്ട്‌സിന് പുറമേയാണ് റോബോട്ട് വഴിയുള്ള പൂർണ്ണസമയ നിരീക്ഷണവും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സാധ്യമാക്കുന്നത്. ജനുവരി അവസാനമാണ് ആദ്യമായൊരു കോവിഡ് സസ്‌പെക്ട് രോഗി പരിയാരത്തെതിയത്. ഇന്നുവരെ 164 പോസിറ്റീവ് രോഗികൾ ചികിത്സ തേടുകയുണ്ടായി. ജീവനക്കാരുടേയും ചികിത്സ തേടിയെത്തുന്ന മറ്റ് രോഗികളുടേയും സുരക്ഷ ഉറപ്പാക്കി കോവിഡ് രോഗികൾക്കായി പ്രത്യേക റൂട്ട് മാപ്പ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ നേരത്തേ ഒരുക്കിയിരുന്നു. നേരിട്ടിടപഴകുന്ന ജീവനക്കാർക്ക് പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ് ഉൾപ്പടെ യുള്ള സുരക്ഷാ സംവിധാനങ്ങൾ സർക്കാർ നിശ്ചയിച്ച വിധം കൃത്യമായി നടപ്പാക്കിയതിനാൽ ചികിത്സയ്ക്കിടെ ഇന്നുവരെ ഡോക്ട ർക്കോ, നേഴ്‌സിനോ മറ്റേതെങ്കിലും ജീവനക്കാർക്കോ അസുഖം പിടിപെട്ടിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. കോവിഡ് ബാധിതർ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ സാമൂഹ്യ അകലം ഉൾപ്പടെ പാലിച്ചും പൂർണ്ണ സമയം ഐ.സി.യു രോഗികളെ നിരീക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ കൂടിയാണ് പരിയാരം ടോമോ ഡാച്ചി. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് നിർദ്ദേശ പ്രകാരം അഞ്ചരക്കണ്ടിയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രിൻസിപ്പാൾ ഡോ എ ബെൻഹാം, സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എ എൻ അഭിജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഇത്തരമൊരു റോബോർട്ട് തയ്യാറാക്കി നൽകിയത്. 2 ലക്ഷത്തോളം രൂപ ചെലവു വരുന്ന റോബോർട്ട്, ഇക്കോ ഗ്രീൻ കമ്പനിയാണ് സ്‌പോൺസർ ചെയ്തത്.