Kerala, News

പരിയാരം മെഡിക്കൽ കോളേജ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു

keralanews pariyaram medical college was taken over by the government

പരിയാരം:പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം.ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുന്നതോടെ പരിയാരം മെഡിക്കൽ കോളേജ്,ഡെന്റൽ കോളേജ്,അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്,കോളേജ് ഓഫ് നഴ്സിംഗ്,സ്കൂൾ ഓഫ് നഴ്സിംഗ്,സഹകരണ ഹൃദയാലയ,മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാപനങ്ങൾ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാകും.പ്രത്യേക നിയന്ത്രണബോർഡിനു കീഴിലായിരുന്നു കോളേജ്.മെഡിക്കൽ കോളേജിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.സർക്കാർ ഏറ്റെടുക്കുന്നതോടെ കോളേജിലെ വിവിധ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനാകും.മറ്റു മെഡിക്കൽ കോളേജുകളിലെ പോലെ രോഗികൾക്ക് സൗജന്യ ചികിത്സയും ലഭ്യമാകും.

അതേസമയം പരിയാരം മെഡിക്കല്‍ കോളജും മറ്റ് എട്ട് അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് ജീവനക്കാർ സ്വീകരിച്ചത്.ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച തന്നെ വിവരം ലഭിച്ചതിനാല്‍ പാല്‍പായസം ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും മറ്റും നേരത്തെ തന്നെ ജീവനക്കാര്‍ എത്തിച്ചിരുന്നു.പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന്‍ -സിഐടിയു-ന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ കാമ്ബസില്‍ ആഹ്‌ളാദപ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കൂത്തുപറമ്ബില്‍ നടന്ന സമരം തന്നെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ നൂലാമാലകളില്‍ കുടുങ്ങിനില്‍ക്കുന്നതിനാലാണ് ഏറ്റെടുക്കല്‍ വൈകിയതെന്നും ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച്‌ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുക എന്ന കാല്‍ നൂറ്റാണ്ട് പിന്നിട്ട ആവശ്യം അംഗീകരിക്കപ്പെടുകയാണെന്നും അടുത്ത വര്‍ഷത്തെ എംബിബിഎസ് ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം പുര്‍ണ്ണമായും സര്‍ക്കാര്‍ ഫീസ് അനുസരിച്ചായിരിക്കുമെന്നും ടി.വി.രാജേഷ് പറഞ്ഞു.താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ആരേയും പിരിച്ചുവിടാതെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന പ്രഖ്യാപനത്തെ വലിയ കയ്യടികളോടെയാണ് ജീവനക്കാര്‍ സ്വാഗതം ചെയ്തത്. എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍, ഡോ.ടി.കെ.ശില്‍പ്പ, സീബാ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous ArticleNext Article