പരിയാരം: സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി. വടക്കേ മലബാറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണജനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ ദിവസം ഭരണസമിതി ചേര്‍ന്ന് തീരുമാനമെടുത്ത പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തില്‍ വന്നു. ഡോക്ടര്‍മാരുടെ പരിശോധന ഫീസ്, ശസ്ത്രക്രീയഫീസ്, മുറിവാടക തുടങ്ങി എല്ലാവിഭാഗത്തിലും ഫീസ് കുത്തനെ കൂട്ടി. അതായത് ബൈപ്പാസ് ഓപ്പറേഷന് സാധാരണ ഒരു ലക്ഷമായിരുന്നെങ്കില്‍ ഇനി മുപ്പതിനായിരം രൂപ അധികമായി നല്‍കണം. ചികില്‍സാമേഖലയിലെ ചെലവ് വര്‍ധിച്ചതും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കിയതും കണക്കിലെടുത്താണ് വിലവര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.