സേലം:ദളിത് യുവാവിനെ പ്രണയിച്ചതിന് എൻജിനീയറിങ് വിദ്യാർത്ഥിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയില്‍ കഴിഞ്ഞദിവസമാണു സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19)യും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും പിന്നീട് കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.സംഭവം നടന്ന ഞായറാഴ്ച രാത്രി മുത്തശ്ശിയുടെ വീട്ടിലായിരുന്നു ദമ്പതികളുടെ മകൻ പ്ലസ് ടു വിദ്യാർത്ഥിയായ ലോക്‌നാഥ്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെത്തി വാതില്‍ തട്ടിനോക്കിയപ്പോള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളേയും അയല്‍ക്കാരേയും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.ആദ്യം കൂട്ട ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ രമ്യ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തി. മരണത്തില്‍ സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പെട്ട ഇയാളെ പ്രണയിച്ചതു രമ്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.സേലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണു രമ്യ. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് രമ്യ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പിന്നീട് മാതാപിതാക്കളും ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.