കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സ് കുഴൽപ്പണമെന്ന് ക്രൈംബ്രാഞ്ച്. ബംഗളൂരു പോലീസിന്റെ പിടിയിലായ മലപ്പുറം സ്വദേശിയായ ഇബ്രാഹിന്റെ ലാപ്‌ടോപ്പ് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. രാമനാട്ടുകര സ്വർണ്ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചതും സമാന്തര ടെലിഫോൺ സംവിധാനം തന്നെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഒന്നരക്കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനായി ഇബ്രാഹിം പലയിടങ്ങളിൽ നൽകിയിട്ടുള്ളത്. ബംഗളൂരുവിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച് നോക്കി നടത്തിയവർക്ക് 80,000 രൂപയാണ് മാസ ശമ്പളമായി ഇബ്രാഹിം നൽകിയത്. ഇത്രയും തുക ഇബ്രാഹിമിന് എവിടെ നിന്ന് ലഭിച്ചു എന്നതിലുള്ള അന്വേഷണത്തിലാണ് ഇതിന്റ മറവിൽ വൻതോതിലുള്ള കുഴൽപണമാണെന്ന് തെളിഞ്ഞത്. ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സമാന്തര ടെലിഫോൺ എക്‌സചേഞ്ചുകൾ സ്ഥാപിക്കുന്നതിനായി സംഘത്തിന് ഇതുവരെ ചെലവ് വന്നത് പത്ത് കോടി രൂപയാണ്. സ്വർണ്ണക്കടത്ത്-ഹവാല സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയുടെ ഫലം വരുന്ന മുറയ്‌ക്ക് സംഭവത്തിന്റെ ദുരൂഹതകൾ അയയുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.