കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ഉപാധികളോടെ ജാമ്യം. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.എല്ലാ മാസവും എല്ലാ ആദ്യ ശനിയാഴ്ചകളിലും അതാത് സ്റ്റേഷനില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം, സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ആള് ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നിങ്ങനെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികള്‍. അറസ്റ്റ് ചെയ്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിച്ചിരിക്കുന്നത്.കോഴിക്കോട് കോടതിയിലും എന്‍ഐഎ കോടതിയിലും ഹൈക്കോടതിയിലുമായി നേരത്തെ 3 തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാരണത്താലാണ് ഇത് തള്ളിക്കളഞ്ഞത്. കുറ്റപത്രം ഏപ്രില്‍ 27 ന് സമര്‍പ്പിക്കപ്പെട്ടതിന് ശേഷം വീണ്ടും എന്‍ഐഎ കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അതില്‍ കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായി വാദം കേട്ടു. അതിന് ശേഷമാണ് ഇന്ന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. താഹയുടെ ശബ്ദപരിശോധനയും ഇന്ന് കോടതിയില്‍ നടന്നു. മുദ്രാവാക്യം വിളിച്ചത് താഹ തന്നെയാണോ എന്ന് പരിശോധിക്കാനുള്ള പരിശോധനയാണ് നടത്തിയത്.