കണ്ണൂർ:സംഘര്‍ഷങ്ങളുടെ പേരില്‍ ഖ്യാതി നേടുകയും പൊലീസിന് എന്നും തലവേദന സൃഷ്ടിക്കുകയും ചെയ്യുന്ന പാനൂരിൽ നിന്നും പുറത്തുവരുന്നത് പോലീസുകാർ നടപ്പിലാക്കുന്ന കല്യാണകഥയാണ്.പാനൂരിലും അനുബന്ധ ഭാഗങ്ങളിലും ഒട്ടേറെ യുവാക്കള്‍ സംഘര്‍ഷങ്ങളില്‍ അഴിക്കുള്ളിലായ സംഭവങ്ങളും മറ്റും പെരുകി വരുന്നതിനിടെയാണ് പൊലീസിന്റെ പുത്തന്‍ ശ്രമം.നാട്ടില്‍ പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാരുടെ കണക്കെടുത്ത് പെണ്ണുകെട്ടിക്കാനൊരുങ്ങുകയാണ് പാനൂരിലെ ജനമൈത്രി പോലീസ്.സുഹൃത്തുക്കള്‍ പലരും പെണ്ണുകെട്ടി കുട്ടികളുമായി ജീവിക്കുമ്ബോള്‍, ചിലര്‍ കേസിന്റെ നൂലാമാലകളുമായി ഇപ്പോഴും കോടതിവരാന്തയിലാണ്. ചിലര്‍ പൂര്‍ണമായും തൊഴില്‍രഹിതര്‍. ഈ ചുറ്റുപാടിലാണ് പാനൂര്‍ ജനമൈത്രി പൊലീസിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.പെണ്ണുകെട്ടാത്തവരെ കണ്ടെത്തി വിഹാഹത്തിലൂടെ ഇവർക്ക് ജീവിതത്തിന്റെ ഉത്തരവാദിത്വം നൽകുക എന്നതാണ് പോലീസിന്റെ ലക്‌ഷ്യം.വേനലവധിയില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള 19,000 വീടുകളില്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ സർവേയിലൂടെ അവിവാഹിതരുടെ കണക്കെടുക്കും.ഇവരുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത തുടങ്ങി മുഴുവൻ വിവരങ്ങളും സർവേയിലൂടെ കണ്ടെത്തും.സര്‍വേ തുടങ്ങുന്നതിനു മുൻപ് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരുടെയും യോഗം വിളിക്കുമെന്നും പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.വി.ബെന്നി പറഞ്ഞു.രാഷ്ട്രീയപ്രശ്നങ്ങളില്‍ കുടുങ്ങി നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തവര്‍ പൊലീസിനോടു ചോദിക്കുന്നത് തങ്ങള്‍ക്കൊക്കെ എവിടെനിന്ന് പെണ്ണ് .കിട്ടും എന്നതാണ്.സംഘര്‍ഷാവസ്ഥ വിട്ടൊഴിയാത്ത സ്ഥലത്ത് പെണ്‍മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവില്ല എന്നതും പ്രശ്നമാണെന്ന് പൊലീസ് പറയുന്നു. ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ജോലി എന്ന ലക്ഷ്യത്തോടെ പാനൂർ പോലീസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ‘ഇന്‍സൈറ്റ്’ പദ്ധതിയും ശ്രദ്ധേയമാണ്.ഈ പദ്ധതിയിലൂടെ പാനൂരിലും കൊളവല്ലൂരിലും 20 കേന്ദ്രങ്ങളില്‍ ജനമൈത്രി പൊലീസ് യുവാക്കള്‍ക്ക് പി.എസ്.സി. പരിശീലനം നല്‍കുന്നുണ്ട്. പാരാമിലിറ്ററി ജോലിയിലേക്കും പരിശീലനം നല്‍കുന്നു. ഇന്‍സൈറ്റ് പദ്ധതിക്കു ലഭിച്ച പിന്തുണയാണ് അവിവാഹിതരായ യുവാക്കളെ പരിഗണിക്കാന്‍ പ്രേരകമായതെന്ന് വി.വി.ബെന്നി പറഞ്ഞു.