കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള സി പി എം പ്രവര്‍ത്തകൻ ഷിനോസ് മൊഴി നല്‍കി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും ഷിനോസ് പറഞ്ഞു.അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. കസ്റ്റഡിയിലുള്ള ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കാല്‍മുട്ടില്‍ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്നാണ് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. കൊല്ലപ്പെട്ടത് ബോംബേറിലാണ്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കാലിന് വെട്ടേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.