കണ്ണൂർ:പാനൂരിലെ ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരൻ പിടിയിലായെന്ന് സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇയാളാണ് കൊലപാതകത്തിന്റെ മുഖ്യ പങ്കുവഹിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രിയോടെ തന്നെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ ഇയാളെ ചോദ്യം ചെയ്യും. അതിന് ശേഷം 10 മണിയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തും. അപ്പോള്‍ മാത്രമേ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്. പ്രതിപ്പട്ടികയിലുളള മിക്കവരും സി പി എം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി പി എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡി വൈ എഫ് ഐ പാനൂര്‍ മേഖല ട്രഷററുമാണ്.നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി പി എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യു ഡി എഫ് പാനൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും സംഗമത്തില്‍ പങ്കെടുക്കുക.