കാസർകോഡ്:പാണത്തൂര്‍ പരിയാരത്ത് ഏഴ് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പ്രാഥമിക നിഗമനം.ഒരുപാട് വളവും തിരിവും ഇറക്കവും കയറ്റവും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ ബസ് ഓടിച്ചുള്ള ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.സുള്ള്യയില്‍നിന്നു പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനു വന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തുനിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍ എത്തുന്നതിനു മൂന്നു കിലോമീറ്റര്‍ മുന്‍പായിരുന്നു അപകടം. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് ബസ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകര്‍ന്നു.വീടിനുള്ളില്‍ ആളില്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.അപകടത്തിൽ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.