തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തുന്ന അനിശ്ചിതകാല സമരം പൊലീസ് തടഞ്ഞു. കയറുകെട്ടിയാണ് ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് തടഞ്ഞത്. പ്രതിഷേധത്തിനിടെ തളര്‍ന്നു വീണ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തുകൂടി ബലം പ്രയോഗിച്ച് വലിച്ചഴച്ചു.
ഡിജിപി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിക്കോളൂ എന്ന നിലപാടിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. അട്ടിമറിനടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പലതവണ പ്രഖ്യാപിച്ച് മാറ്റിവെച്ച സമരം ആരംഭിക്കാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചത്. കേസിലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയ ജിഷ്ണുവിന്റെ ബന്ധുക്കളെ തിരുവനന്തപുരം എആര്‍ ക്യാംപിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി.