കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി എറണാകുളം എ സി ജെ എം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പോലീസ് നാടകീയമായി അറസ്റ് ചെയ്തു. ഉച്ചഭക്ഷണ സമയത്താണ് സുനിയും കൂട്ടാളി ബിജീഷും കോടതിയിൽ കീഴടങ്ങാനെത്തിയത്. കോടതിയിൽ കീഴടങ്ങുന്നത് തടയാൻ മഫ്ടിയിൽ പോലീസ് ഉണ്ടായിരുന്നെങ്കിലും അവരുടെ കണ്ണ് വെട്ടിച്ച് മതിൽ ചാടിയാണ് ഇരുവരും കോടതി വളപ്പിൽ കയറിയത്.
തികച്ചും നാടകീയമായി പോലീസ് ഇരുവരെയും പിടികൂടി അഭിഭാഷകരും കോടതി ജീവനക്കാരും നോക്കി നിൽക്കേ ബല പ്രയോഗത്തിലൂടെ പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അറസ്റ്റിലായ സുനിയെയും ബിജീഷിനെയും ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതികളെ ചോദ്യം ചെയ്യുകയാണ്.