മാനന്തവാടി: അറ്റകുറ്റപണികൾക്കായി അടച്ചിട്ട പാൽച്ചുരം റോഡ് തിങ്കളാഴ്ച മുതൽ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും.ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്ക് വാഹനങ്ങൾക്ക് അനുമതിയില്ല.കഴിഞ്ഞ മാസം 26ാം തീയതി മുതലാണ് അറ്റകുറ്റപണികൾക്കായി പാൽച്ചുരം പാത അടച്ചത്. 69.10 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപണികൾക്കായി സർക്കാർ അനുവദിച്ചത്.ഈ തുക ഉപയോഗിച്ചാണ് രണ്ട് പ്രളയത്തോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ പാൽച്ചുരം റോഡ് താൽക്കാലികമായി നന്നാക്കിയത്. നിലവിലെ അറ്റകുറ്റപണികൾ അന്തിമ ഘട്ടത്തിലാണ്. പാൽച്ചുരം അടച്ചതിനു ശേഷം പേര്യ ചുരം വഴിയാണ് വാഹനങ്ങൾ കണ്ണൂർ ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നത്. പണി പൂർണമായും പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ ചരക്ക് വാഹനങ്ങൾക്ക് പാൽച്ചുരത്തിലൂടെ ഓടാൻ അനുമതി നൽകുകയുള്ളൂ.