കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് ഒരുങ്ങുകയാണ് ഇബ്രാഹിംകുഞ്ഞ്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെയാണ് അനുമതി നല്‍കുന്നത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലില്‍ ഗവണര്‍ ഒപ്പുവച്ചതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാന്‍ സാധിക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്ബനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.