കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്.പാലം നിര്‍മാണത്തിനുള്ള തുക കരാറുകാര്‍ക്ക് മുന്‍കൂറായി നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താനും വിശകലനം ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.അതേസമയം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതികളെ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാലാണ് ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.