കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലന്‍സ്.ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് കത്ത് നല്‍കി. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോര്‍ട്ട്. എട്ടേകാല്‍ കോടി മുന്‍കൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണ് മന്ത്രിക്കെതിരായി അന്വേഷണം. കരാറുകാര്‍ക്ക് തുക അനുവദിച്ചതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.കേസില്‍ ഉള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയുടെ എംഡി സുമിത്‌ഗോയല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഇവരുടെ ജാമ്യം എതിര്‍ത്ത് കൊണ്ടു നല്‍കിയ കത്തിലാണ് മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മിക്കാനുള്ള കമ്പനിക്ക് മുന്‍കൂറായി 8.4 കോടി നല്‍കിയത് മന്ത്രിയുടെ അനുമതിയോടെയാണെന്നാണ് നേരത്തേ ടി ഒ സൂരജ് ആരോപിച്ചത്.