Kerala, News

പാലാരിവട്ടം പാലം അഴിമതി കേസ്;വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

keralanews palarivattom bridge scam case v k ibrahim kunj arrested

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മുൻ മന്ത്രിയെ ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ടിഒ സൂരജിനെതിരെ ചുമത്തിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.ചോദ്യം ചെയ്യുന്നതിനായി രാവിലെയോടെ  ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. പിന്നാലെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ വിജിലൻസ് വീട്ടിൽ പരിശോധനയും നടത്തി.ആശുപത്രിയിൽ ഇബ്രാഹിം കുഞ്ഞുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷമാണ് വിജിലൻസ് സംഘം ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നീട് ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ പാലം അഴിമതി കേസായ പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പാലാരിവട്ടം മേല്‍പ്പാലം നിമാനക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Previous ArticleNext Article