കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരുടെ റിമാന്‍ഡ് പുതുക്കുന്നതിനായി ടി.ഒ. സൂരജ് ഉള്‍പ്പടെ നാലുപേരെയും കൊച്ചിയിലെ ക്യാമ്പ് സിറ്റിങ്ങില്‍ പോലീസ് എത്തിക്കും. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.ഇതിന്റെ തുടര്‍വാദവും കോടതിയില്‍ ഇന്ന് നടക്കും.ടി.ഒ. സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് വിജിലന്‍സ് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. പാലം നിര്‍മ്മിക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ 6.68 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന വിജിലന്‍സ് പറയുന്നത്. അതിനാല്‍ത്തന്നെ പാലം അഴിമതിയില്‍ സൂരജിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.