കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ ടിഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടി.ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മന്റെ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും നീട്ടിയിട്ടുണ്ട്.നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം വാദിച്ചത്. ഇതിന്റെ തുടര്‍ വാദവും ഇന്ന് കോടതിയില്‍ നടക്കും.ടി.ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്നും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.