പാലക്കാട് : പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കുഴല്‍മന്ദം ഏനമന്ദം സ്വദേശി അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പിതാവ് പ്രഭുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷിന്റെയും പ്രഭാകുമാറിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അനീഷും ഭാര്യ ഹരിതയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. ഇവരുടെ വിവാഹത്തിന് ഹരിതയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ മൂന്നു മാസം മുന്‍പ് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഹരിതയുടെ വീട്ടുകാര്‍ ഇതിനുശേഷവും ഭീഷണി തുടര്‍ന്നിരുന്നു. ഇന്നലെ സഹോദരനൊപ്പം കടയില്‍ പോവുമ്ബോഴാണ് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. വൈകിട്ടോടെ ബൈക്കില്‍ സഹോദരനൊപ്പം കടയിലേക്ക് പോയ അനീഷിനെ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു.