പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.പ്രചാരണം അവസാനിപ്പിക്കേണ്ട തീയതി നാളെയാണെങ്കിലും നാളെ ശ്രീനാരായണഗുരു സമാധി ദിനമായതിനാലാണു ഒരു ദിവസം മുൻപേ പ്രചാരണം അവസാനിപ്പിക്കുന്നത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന്റെ പര്യടനത്തിന്റെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു മൂന്നിനു കുരിശുപള്ളി കവലയില്‍ ആരംഭിക്കും.യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുമെന്നു ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം പറഞ്ഞു. മണ്ഡലത്തിലെ മേധാവിത്വം പ്രകടിപ്പിക്കുന്നവിധമുള്ള കൊട്ടിക്കലാശമാണു യു.ഡി.എഫ്. പ്ലാൻ ചെയ്യുന്നത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കൊട്ടിക്കലാശവും ഇന്നു നടക്കും.മാണി സി.കാപ്പന്റെ പ്രചരണ സമാപനാര്‍ഥം രാവിലെ പാലാ നഗരത്തില്‍ പ്രവര്‍ത്തകരുടെ റോഡ് ഷോയുണ്ടാകും.വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പുഴക്കര മൈതാനത്തെ പരിപാടിയോടെ ഔദ്യോഗിക പ്രചാരണം അവസാനിപ്പിക്കാനാണു എല്‍.ഡി.എഫ്. തീരുമാനം. എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കും.കടപ്പാട്ടൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ചു ബൈപാസ് റോഡ് വഴി താലൂക്ക് ആശുപത്രിയ്ക്കു സമീപം അവസാനിക്കും. എന്‍.ഡി.എയിലെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ പറഞ്ഞു.23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണലും നടക്കും.