
ഇസ്ലാമാബാദ്: ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ പീയൂഷ് സിങ്ങിന്റെ മൊബൈൽ ഫോൺ പാക്ക് അധികൃതർ പിടിച്ചെടുത്തു. ഹൈക്കമ്മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പീയൂഷ് സിങ്ങിന്റെ ഫോൺ ആണ് പിടിച്ചെടുത്തത്. തോക്കിൻ മുനയിൽ നിർത്തി പാക്ക് പൗരനെ വിവാഹം കഴിക്കേണ്ടിവന്ന ഉസ്മയുടെ റിട്ട് ഹർജിയുമായി പോയതായിരുന്നു നയതന്ത്രജ്ഞൻ. ഇതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനിടെ, ഹൈക്കോടതി ജഡ്ജി മൊഹസീൻ അക്തർ കയാനിയുടെ ചിത്രമെടുക്കാൻ പീയൂഷ് സിങ് ശ്രമിച്ചുവെന്നാണ് ആരോപണം. ഉസ്മയ്ക്ക് ഇന്ത്യയിലേക്കു മടങ്ങാൻ ആവശ്യമുള്ള യാത്രാരേഖകളും മറ്റും വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സമർപ്പിക്കാനാണു നയതന്ത്രജ്ഞൻ പോയത്. നയതന്ത്രജ്ഞനൊപ്പം ഉസ്മയുടെ അഭിഭാഷകനായ മാലിക് ഷാ നവാസ് നൂണും ഉണ്ടായിരുന്നു.