
ന്യൂഡൽഹി:പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന പി.ടി.ഉഷയുടെ വാദം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവ. ഉഷയുടെ കൂടി നിര്‍ദേശപ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവ പറഞ്ഞു. ട്രാക്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്ന വാദത്തെ പിടി ഉഷക്കു പുറമെ അത്‍ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് എ.ജെ സുമാരിവാല, സെക്രട്ടറി സി.കെ വല്‍സണ്‍ എന്നിവരും പിന്തുണച്ചു. ഇതിനെ തുടര്‍ന്നാണ് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയതെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ധാവ വ്യക്തമാക്കി. അതേസമയം ഏഷ്യന്‍ ചാംപ്യന്‍ പി.യു.ചിത്രയെ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യോഗ്യതാമാനദണ്ഡങ്ങളും ടീം സിലക്ഷന്റെ വിശദാംശങ്ങളും നാളെ അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചിത്രയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.