തിരുവനന്തപുരം:പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പി എസ് സി തീരുമാനം.ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി.പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പി എസ് സിയുടെ പുതിയ നടപടി.ആധാറില്ലാത്തവര്‍ തിരിച്ചറിയല്‍ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന മറ്റ് സംവിധാനങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി എല്ലാ ഉദ്യോഗാര്‍ഥികളും പ്രൊഫൈലിനെ ആധാറുമായി ബന്ധിപ്പിക്കണം. ഇതിനുള്ള ലിങ്ക് പി എസ് സി സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫൈലിൽ ആധാര്‍ നമ്പർ ചേര്‍ത്തിട്ടുള്ളവരിലും ആധാര്‍ പ്രൊഫൈലുമായി ബന്ധിപ്പിക്കാത്തവരുണ്ട്. ആധാര്‍ നമ്പർ പ്രൊഫൈലില്‍ ചേര്‍ത്തിട്ട് ലിങ്ക് ചെയ്യാത്തവരും പ്രൊഫൈലില്‍ ആധാര്‍ നമ്പർ ഉള്‍പ്പെടുത്താത്തവരും അടിയന്തരമായി പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം.പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഹോം പേജില്‍ കാണുന്ന ആധാര്‍ ലിങ്കിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലിങ്കിംഗ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്പർ, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്റ് ഫോര്‍ ആതന്റിക്കേഷനില്‍ ടിക് ചെയ്ത ശേഷം ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കാം.നടക്കാനിരിക്കുന്ന കുറച്ച് ഉദ്യോഗാര്‍ഥികളുള്ള പരീക്ഷകളില്‍ പുതിയ തിരിച്ചറിയില്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും. വിജയകരമായാല്‍ എല്ലാ പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറില്‍ ഏര്‍പ്പെടുത്താനാണ് പി എസ് സിയുടെ തീരുമാനം.