തിരുവനന്തപുരം: പിഎസ് സി പരീക്ഷാത്തട്ടിപ്പില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ സിവില്‍ പോലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ പെട്ടിട്ടുള്ളവര്‍ക്ക് ആശ്വാസം.പ്രതികളായ മൂന്നു പേരെയും ഒഴിവാക്കി റാങ്ക്‌ലിസ്റ്റ് നില നിര്‍ത്താനും വിവാദത്തില്‍ പെടാത്തവര്‍ക്ക് നിയമനം നല്‍കാനും തടസ്സമില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് പിഎസ് സി യ്ക്ക് റിപ്പോര്‍ട്ട് നല്‍കി.പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു ഇവർ.ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്നതോടെ റാങ്ക്‌ലിസ്റ്റിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസമായി.മൂന്ന് പേരൊഴികെ പട്ടികയില്‍ പെട്ട ആരും കൃത്രിമം കാണിച്ചിട്ടില്ലെന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്ക വിദ്യാർത്ഥികളിൽ ഉണ്ടായിരുന്നു.ഇക്കാര്യത്തിലുള്ള ആശങ്ക ചിലര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. മറ്റ് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് പിഎസ് സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി കത്ത് നല്‍കി.പരീക്ഷാത്തട്ടിപ്പ് വ്യക്തമായ പിഎസ് സി പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് ജൂലൈ 1 നായിരുന്നു പറുത്തുവന്നത്. ഇതില്‍ എഴുത്തുപരീക്ഷയില്‍ 78.33 മാര്‍ക്ക് നേടി ശിവരഞ്ജിത്താണ് ഒന്നാമത് എത്തിയത്.സ്‌പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്കും കൂടി കിട്ടിയതോടെ മൊത്തം മാര്‍ക്ക് 90 ന് മുകളിലായി. രണ്ടാം റാങ്കുകാരന്‍ നസീം 28 ആം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് കിട്ടിയത്. പ്രണവിന് രണ്ടാം റാങ്ക് ആയിരുന്നു. എന്നാല്‍ ജയിലില്‍ ഇതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ കഴിയാതെ വന്നതോടെയാണ് പ്രതികള്‍ കോപ്പിയടിച്ചതായി സമ്മതിച്ചത്.