മലപ്പുറം:മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാ അംഗത്വം രാജിവെച്ചേക്കും.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി.ഇന്ന് പുലര്‍ച്ച കരിപ്പൂരില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ച കുഞ്ഞാലിക്കുട്ടി എട്ട് മണിയോടെ ഡല്‍ഹിയിലെത്തി. ഇന്ന് തന്നെ ലോക്‌സഭയിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കുന്നതിന് യു ഡി എഫിലെ പ്രമുഖ ഘടകക്ഷിയായ കോണ്‍ഗ്രസിന് വിയോജിപ്പുണ്ട്. കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നത് ശരിയായ സന്ദേശമല്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ രാജിക്കായി പാണക്കാട് ഹൈദരലി തങ്ങളും അനുവദിക്കുകയായിരുന്നു.അതിനിടെ കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിനുള്ള വിയോജിപ്പ് ഇപ്പോഴും തുടരുകയാണ്.അതേസമയം മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത് ലീഗില്‍ നിന്ന് അഞ്ച് പേര്‍ക്ക് സീറ്റുണ്ടാകാനാണ് സാധ്യത. ഒരു വനിതാ സ്ഥാനാര്‍ഥിയുമുണ്ടാകും .പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കാനാണ് തീരുമാനം.പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച് പരിചയ സമ്പന്നരെ നിലനിര്‍ത്തി ഒരു വനിതക്ക് ഇടം നല്‍കി സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തികരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍.