തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരുന്നു.ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാരും സമരത്തിലേക്ക് നീങ്ങിയതോടെ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും പിജി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് കഴിഞ്ഞ ദിവസം ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരുന്നു.4 ശതമാനം സ്റ്റൈപൻഡ് വർധന, പി.ജി ഡോക്ടർമാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്. ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അധിക്ഷേപിക്കുകയും ചെയ്ത സംഭവം, ഒരാഴ്ച 60ലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി ഒ.പി. ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി വരെയാണ് ഒപി ബഹിഷ്കരണം. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജുകളില്‍ എത്തിയ രോഗികള്‍ വലഞ്ഞു. ഒ.പികളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രോഗികളെ തിരിച്ചയച്ചു. പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്ജന്മാരും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. കൊവിഡ് ഡ്യൂട്ടിയൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിച്ചാണ് ഹൗസ് സര്ജന്മാരും സൂചനാപണിമുടക്ക് നടത്തുന്നത്. ഒ.പിയിലും, എമര്‍ജന്‍സി വിഭാഗത്തിലും, വാര്‍ഡ് ഡ്യൂട്ടിയിലുമടക്കം നിരവധി പി.ജി ഡോക്ടര്‍മാരാണ് ജോലി ചെയ്യുന്നത്.അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിച്ചതോടെ രോഗികള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ഐസിയു, കാഷ്വാലിറ്റി, ലേബര്‍ റൂം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെ ജോലികളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ മാറി നില്‍ക്കുന്നത്.അതേസമയം വിഷയത്തിൽ രണ്ട് തവണ ചർച്ച നടത്തിയതായും ആവശ്യങ്ങൾ അംഗീകരിച്ചതായുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിലപാട്. എന്നാൽ ആവശ്യങ്ങളിൽ ചില കാര്യങ്ങൾ മാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും വ്യക്തതയുമില്ലെന്നാണ് സമരക്കാർ പറയുന്നത്.